കേരളത്തിൽ ജനാധിപത്യത്തിൻ്റെ ഭാവിയും അരാഷ്ട്രീയതയുടെ പിണറായിശൈലിയും
കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന സിഏഏ-എൻ ആർ സി വിരുദ്ധസമരങ്ങൾക്കിടയിൽ നമ്മുടെയെല്ലാം ഉള്ളുപൊള്ളയായ രാഷ്ട്രീയ അവബോധങ്ങളിലും സുഖസ്ഥലങ്ങളിലും നീറുപോലെ കടിച്ചുപറിക്കുന്ന ഒരു യാഥാർത്ഥ്യം — താഹയും അലനും സഹിക്കുന്ന അനീതി. യുഏപിഏ അറസ്റ്റുകൾ മുൻപ് മുസ്ലീംയുവാക്കളെ ഉന്നംവച്ചപ്പോൾ അവർ തീവ്രവാദികളാണെന്ന് – പലപ്പോഴും കാര്യമായ തെളിവൊന്നുമില്ലാതെ — വിശ്വസിച്ചു മനഃസാക്ഷിയെ നാം പാട്ടുപാടി ഉറക്കിയതാണ്. പക്ഷേ ഇന്നത് പറ്റുന്നില്ല, കാരണം ഈ ചെറുപ്പക്കാരെ നേരിട്ടറിയാവുന്ന പാർട്ടിവിശ്വാസികൾക്കെല്ലാം അറിയാം, അവർ നിരപരാധികളാണെന്ന്.