ശബരിമല സ്ത്രീപ്രവേശനം

സ്ത്രീവാശിയുടെ ആവശ്യകത :ശബരിമലപ്രശ്നം, സ്ത്രീകൾ, സാമൂഹ്യജനാധിപത്യം

അഭിനവ അച്ചിയാകാൻ എനിക്കു സമ്മതമില്ല. അതുകൊണ്ട് രാഹുൽ ഈശ്വറെ എന്തുവില കൊടുത്തും ഞാൻ എതിർത്തു തോൽപ്പിക്കും. കുറേ സ്ത്രീകളെ തെരുവിൽ കൊണ്ടുവന്ന് ആചാരസംരക്ഷണത്തിൻറെ പേരിൽ സ്വന്തം താത്പര്യങ്ങൾക്കെതിരെ സംസാരിപ്പിക്കുക, അവരുടെ പൊതുജീവിതപരിചയമില്ലായ്മയുടെ ഫലങ്ങൾ കൊയ്തെടുക്കുക (പിണറായിയെ ജാതിത്തെറി വിളിച്ച ആ വിഡ്ഢിസ്ത്രീ തന്നെ ഉദാഹരണം), ബ്രാഹ്മണമൂല്യങ്ങൾ തങ്ങൾക്കു സമ്മാനിക്കുന്ന അപമാനഭാരത്തെ ആത്മീയസായൂജ്യമായി എണ്ണുന്ന അഭിനവ അച്ചി-സ്ഥാനത്തെ ഉത്തമസ്ത്രീത്വമായി ചിത്രീകരിക്കുക –ഇതൊക്കെയാണ് ശബരിമലപ്രശ്നത്തിൽ കേരളത്തിലെ ഹിന്ദുത്വശക്തികൾ ചെയ്തുകൊണ്ടിരിക്കുന്നത്.

നായർസമുദായാഭിമാനികളോട്: ശബരിമലപ്രശ്നം ഉയർത്തുന്ന ചില ചോദ്യങ്ങൾ

നായർ സർവീസ് സൊസൈറ്റി ശബരിമലപ്രശ്നത്തിൽ പുനഃപരിശോധനാഹർജി സമർപ്പിച്ച സ്ഥിതിയ്ക്ക് ആ പ്രസ്ഥാനത്തോട് നായർസമുദായത്തിൽ ജനിക്കാനിടയായ ഒരു സ്ത്രീയെന്ന നിലയ്ക്ക് എനിക്ക് ചില ചോദ്യങ്ങളുന്നയിക്കാനുണ്ട്. സമുദായപരിഷ്ക്കരണത്തെ പിടിച്ചാണയിട്ടു കൊണ്ടും, ബ്രാഹ്മണമേധാവിത്വത്തിനു കീഴിൽ കേരളീയശൂദ്രർക്ക് സഹിക്കേണ്ടിവന്ന അപമാനപൂർണമായ സാമൂഹ്യഏർപ്പാടുകളെ തിരുത്തുമെന്ന പ്രതീക്ഷ നൽകിക്കൊണ്ടുമാണ് ഈ പ്രസ്ഥാനം പിറന്നത്. പിൽക്കാലത്ത് , ഇതേ സമയത്തു ശക്തിപ്രാപിച്ച മറ്റു പല ജാതിസമുദായപ്രസ്ഥാനങ്ങളെയും പോലെ ഇതും തങ്ങളുടെ പരിഷ്ക്കരണ ഉദ്യമങ്ങളെ പാടെ വിസ്മരിച്ചുകൊണ്ട് കേവലം സമുദായമത്സരത്തിനു തുനിഞ്ഞു.